
എന്താണ് വൃക്കയിലെ കല്ല്?
മൂത്രത്തിലെ ലവണങ്ങളും ധാതുക്കളും (കാല്‍സ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയവ) വൃക്കയില്‍ അടിഞ്ഞുകൂടി കട്ടിയായി രൂപപ്പെടുന്ന കഠിന തരികളാണ് വൃക്കക്കല്ലുകള്‍. മണല്‍ത്തരി മുതല്‍ വലിയ കല്ല് വരെയാകാം. വൃക്കയില്‍ ഒതുങ്ങി നില്ക്കുമ്പോള് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. കല്ല് മൂത്രക്കുഴലിലേക്ക് ഇറങ്ങി മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോഴാണ് കഠിനമായ വേദന തുടങ്ങുന്നത്.
ഇന്ത്യയില്‍ ഏകദേശം 12% പേര്‍ക്ക് വൃക്കക്കല്ലിന് സാധ്യതയുണ്ട്. ഒരിക്കല്‍ കല്ലുണ്ടായവരില് അടുത്ത 5 വര്‍ഷത്തിനകം വീണ്ടും വരാനുള്ള സാധ്യത 30-50% വരെയാണ്.
രോഗ കാരണങ്ങള്‍
· വെള്ളം കുറച്ചു കുടിക്കുന്നത്: മൂത്രം കട്ടിയാകുകയും ലവണങ്ങള്‍ അടിയുകയും ചെയ്യും
· ചൂടും അമിത വിയര്‍പ്പും
· ഉപ്പും മൃഗജന്യ പ്രോട്ടീനും കൂടുതലുള്ള ഭക്ഷണം
· ഓക്സലേറ്റ് കൂടിയ ഭക്ഷണങ്ങള്‍
· അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദം
· കുടുംബത്തിലെ പാരമ്പര്യം
· ആവര്‍ത്തിക്കുന്ന മൂത്രാണുബാധ
ലക്ഷണങ്ങള്‍
· വശത്തോ അരക്കെട്ടിലോ കഠിനമായ വേദന; വയറിലേക്കും തുടയിടുക്കിലേക്കും പടരാം
· മൂത്രത്തില്‍ രക്തം, ചുവപ്പ് നിറം
· ഓക്കാനം, ഛര്‍ദ്ദി
· മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍
· ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍
കല്ലുകള്‍ പല തരം
കാല്‍സ്യം ഓക്സലേറ്റ് : വളരെ സാധാരണയായി കണ്ടുവരുന്നു. ഓക്സലേറ്റ് കൂടിയ ഭക്ഷണവും വെള്ളം കുടിക്കുന്നത് കുറയുന്നതും കാരണമാകാം.
യൂറിക് ആസിഡ് : പ്രോട്ടീന്‍ കൂടുതലും നിര്‍ജ്ജലീകരണവും കാരണമാകാം.
സ്ട്രൂവൈറ്റ് : സാധാരണയായി മൂത്രത്തിലെ അണുബാധ മൂലം ഉണ്ടാകുന്നു.
സിസ്റ്റിന് : അപൂര്‍വമായി മാത്രം കാണുന്നു. പാരമ്പര്യം ഒരു കാരണമാണ്.
ചികിത്സാ രീതികള്‍
കല്ലിന്റെ വലിപ്പം അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. വളരെ ചെറിയ കല്ലുകള്‍ക്ക് ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാന വഴി. എന്നാല്‍ കല്ല് വലുതാണെങ്കില്‍ വെള്ളം കുടിച്ചു മാത്രം പുറത്തു കളയാന്‍ കഴിയില്ല. അപ്പോള്‍ ESWL, RIRS, PCNL പോലുള്ള ചികിത്സകള്‍ വേണ്ടിവരും. കല്ലിന്റെ വലിപ്പം, സ്ഥാനം, എണ്ണം, കട്ടി, വൃക്കയുടെ ഘടന എന്നിവ നോക്കിയാണ് യൂറോളജിസ്റ്റ് ചികിത്സ തീരുമാനിക്കുന്നത്.
ചെറിയ കല്ല്
ഏകദേശം 5 മില്ലിമീറ്ററില്‍ താഴെ വലിപ്പമുള്ള കല്ലാണെങ്കില്‍ ധാരാളം വെള്ളം കുടിക്കുക. പലപ്പോഴും അവ തനിയെ മൂത്രത്തിലൂടെ പുറത്തു പോകും. വേദനയ്ക്കും കല്ല് ഇറങ്ങാനും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുകയും ആവശ്യമെങ്കില്‍ സ്കാനിംഗ് ചെയ്യേണ്ടതുമാണ്. കല്ല് തടസ്സമോ അണുബാധയോ ഉണ്ടാക്കുന്നെങ്കില്‍ മറ്റു ചികിത്സ വേണം.
ഇടത്തരം കല്ല്
ഏകദേശം 6 മുതല്‍ 20 മില്ലിമീറ്റര്‍വരെ വലിപ്പമുള്ള കല്ലാണെങ്കില്‍ ESWL, ലേസര്‍ URS, RIRS എന്നീ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. 10 മില്ലിമീറ്ററില്‍ താഴെ വലിപ്പം ഉള്ളവയ്ക്ക് ESWL അല്ലെങ്കില്‍ URS ചികിത്സയാണ് ചെയ്യാറുള്ളത്. 10 മുതല്‍ 20 വരെ RIRS (URS), ചിലപ്പോള്‍ ESWL അല്ലെങ്കില്‍ PCNL എന്നിവയില്‍ ഏതെങ്കിലും മാര്‍ഗ്ഗം സ്വീകരിക്കാം.
വലിയ കല്ല്
20 മില്ലിമീറ്ററിനുമുകളില്‍ വലിപ്പമുള്ള വൃക്കക്കല്ലിന്റെ ചികിത്സയ്ക്കായി PCNL ആണ് സാധാരണയായി ചെയ്യുന്നത്. ചിലപ്പോള്‍ RIRS അല്ലെങ്കില്‍ ESWL ഒന്നിലധികം തവണചെയ്യേണ്ടതായും വരാം.
ഉടന്‍ ആശുപത്രിയില്‍ പോകേണ്ട സാഹചര്യങ്ങള്‍
വേദനയോടൊപ്പം പനിയും വിറയലും ഉണ്ടെങ്കില്‍, മൂത്രം ഒട്ടും പോകുന്നില്ലെങ്കില്‍, നിര്‍ത്താതെ ഛര്‍ദ്ദി ഉണ്ടെങ്കില്‍, സഹിക്കാനാവാത്ത വേദനയുണ്ടെങ്കില്‍ കാത്തിരിക്കരുത്, ഉടന്‍ തന്നെ ആശുപത്രിയില്‍ പോകേണ്ടതാണ്. ഇത് അണുബാധയുടെയോ വൃക്കയില്‍ തടസ്സമുണ്ടാകുന്നതിന്റെയോ ലക്ഷണമാകാം.
കേരളത്തില്‍ ഇപ്പോള്‍ ലഭ്യമായ ചികിത്സകള്‍
1. ESWL: ശബ്ദതരംഗ ചികിത്സ
ശരീരത്തിനു പുറത്തുനിന്നുള്ള ഷോക്ക് വേവുകള് കല്ല് പൊടിക്കുന്നു. ESWL, മുറിവില്ലാതെ ചെറിയതും ഇടത്തരവുമായ കല്ലുകളുടെ ചികിത്സയ്ക്ക് അനുയോജ്യമാണ്. ഇത് ഒന്നിലധികം തവണ ചെയ്യേണ്ടതായി വരാം. പൊടി പുറത്തുപോകുമ്പോള്‍ വേദന ഉണ്ടാകാം.
2. URS + ലേസര്‍
മൂത്രനാളിയിലൂടെ സ്കോപ്പ് കടത്തി മൂത്രക്കുഴലില്‍ (യൂറിറ്റര്‍) കുടുങ്ങിയ കല്ല് ലേസര്‍ കൊണ്ട് പൊടിക്കുന്നു. മുറിവില്ലാത്ത ചികിത്സാ രീതിയാണിത്.
3. RIRS: വളയുന്ന സ്കോപ്പ് + ലേസര്‍
വളയുന്ന ഫ്ളെക്സിബിള്‍ സ്കോപ്പ് വൃക്കയ്ക്കുള്ളില്‍ എത്തിച്ച് കല്ല് ലേസര്‍ കൊണ്ട് പൊടിക്കുന്നു. മുറിവില്ല, ആശുപത്രി വാസം കുറവ്. ESWL വലിപ്പമേറിയ കല്ലുകള്‍ക്കും PCNL ചെറിയ കല്ലുകള്ക്കുമാണ് അനുയോജ്യം.
4. PCNL, മിനി-PCNL: കീഹോള്‍ ശസ്ത്രക്രിയ
പുറംഭാഗത്ത് ചെറിയ ദ്വാരമിട്ട് വൃക്കയിലെത്തി വലിപ്പമുള്ളതോ സങ്കീര്‍ണമോ ആയ കല്ല് നീക്കുന്നു. ജനറല്‍ അനസ്തേഷ്യ നല്‍കിയാണ് ഇത് ചെയ്യുന്നത്. രക്തസ്രാവം, അണുബാധ സാധ്യത താരതമ്യേന കൂടുതലാണ്. വിശ്രമകാലയളവും താരതമ്യേന കൂടുതലാണ് ഈ ചികിത്സാ രീതിയ്ക്ക്.
5. DJ സ്റ്റെന്റ്
മൂത്രക്കുഴലില്‍ വീക്കമോ തടസ്സമോ ഉള്ളപ്പോള്‍ അവ നീക്കുന്നതിനായി താല്‍ക്കാലിക കുഴല്‍ ഇടാം. തുറന്ന (ഓപ്പണ്‍) ശസ്ത്രക്രിയ ഇപ്പോള്‍ വളരെ അപൂര്‍വമായി മാത്രം വേണ്ടിവരൂ.
ശസ്ത്രക്രിയയ്ക്കു ശേഷം
· സാധാരണയായി ഒന്നോ രണ്ടോ ദിവസത്തില്‍ ആശുപത്രി വിടാം.
· ചെറിയ നീറ്റലോ മൂത്രത്തില്‍ നേരിയ രക്തമോ ഉണ്ടാകാം അത് വേഗം മാറും.
· ചിലര്‍ക്ക് കല്ല് പൂര്‍ണമായി പോകാന്‍ രണ്ടാമതും ശസ്ത്രക്രിയ വേണ്ടി വരാം
· സ്റ്റെന്റ് ഇട്ടിട്ടുണ്ടെങ്കില്‍ നിശ്ചിത ദിവസം കഴിഞ്ഞ് നീക്കം ചെയ്യണം
· പനി, കഠിനവേദന, മൂത്രം പോകാതിരിക്കല്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക
ആവര്‍ത്തിക്കാതിരിക്കാന്‍
ദിവസവും കുറഞ്ഞത് 12 ഗ്ലാസ് വെള്ളം കുടിക്കുക. 2.5 മുതല്‍ 3 ലിറ്റര്‍ കുടിക്കുക; 2 മുതല്‍ 2.5 ലിറ്റര്‍ വരെ മൂത്രം ഉണ്ടാകണം. സാധാരണ തിളപ്പിച്ച് ആറിയ വെള്ളമാണ് നല്ലത്. Hard water ആണെങ്കില്‍ നന്നായി തിളപ്പിച്ച ശേഷം കുടിക്കുക.
ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ
· കാരറ്റ്
· പാവയ്ക്ക
· വാഴപ്പഴം
· നാരങ്ങ, ഓറഞ്ച്
· തണ്ണിമത്തന്
· ഇളനീര്
· പൈനാപ്പിള്‍ ജ്യൂസ്
· ബാര്‍ലി, ഓട്സ്
· അരിത്തവിട്
· പയര്‍ വര്‍ഗ്ഗങ്ങള്‍
· കൊഴുപ്പു കുറഞ്ഞ പാല് ഉല്‍പ്പന്നങ്ങള്‍
നിയന്ത്രിക്കേണ്ടവ
· ചീര, മുള്ളന്ചീര
· കോളിഫ്ളവര്‍
· വഴുതനങ്ങ
· കൂണ്
· തക്കാളി
· മത്തങ്ങ
· മുന്തിരി
· സപ്പോട്ട
· സ്ട്രോബെറി
· അണ്ടിപ്പരിപ്പ്, നട്സ്
· ഇറച്ചി, മീന്‍, മുട്ട
· ചോക്ലേറ്റ്, കൊക്കോ
· ചായ, കാപ്പി
· കാര്‍ബണേറ്റഡ് പാനീയങ്ങള്‍
സോഡിയം - ഒരു ദിവസം 4 - 5 ഗ്രാം മാത്രം ഉപയോഗിക്കുക. സംസ്കരിച്ച ഇറച്ചി, ടിന് സൂപ്പ്, നൂഡില്‍സ്, ഉപ്പുള്ള സ്നാക്സ് എന്നിവ കുറയ്ക്കുക.
മൃഗജന്യ പ്രോട്ടീന്‍ - ഓരോ കിലോ ശരീരഭാരത്തിനും 0.8 - 1.0 ഗ്രാം എന്ന അളവില്‍ ഉപയോഗിക്കാം. 60 കിലോ ഭാരമുള്ളയാള്‍ക്ക് ദിവസം 48 മുതല്‍ 60 ഗ്രാം വരെ ആകാം.
കാല്‍സ്യം - ഒരു ദിവസം 1 - 1.2 ഗ്രാം കാല്‍സ്യം വരെ കഴിക്കാം. പാല്, തൈര് എന്നിവയിലൂടെയാണ് സാധാരണയായി കാല്‍സ്യം ലഭിക്കുക. ഗുളികയായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കാല്‍സ്യം ഗുളികകള്‍ കഴിക്കാന്‍ പാടുള്ളൂ. പറയാതെ വേണ്ട.
ഇവയും ഓര്‍ക്കാം: കാല്‍സ്യം, വിറ്റാമിന്‍ സി ഗുളികകള്‍ ഡോക്ടര്‍ പറയാതെ കഴിക്കരുത്. ക്രാഷ് ഡയറ്റ് ഒഴിവാക്കി ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. അമിത കഫീന്‍, കട്ടന്‍ചായ, ഗ്രേപ്പ് ഫ്രൂട്ട്, ആപ്പിള്‍ ജ്യൂസ്, മധുരം ചേര്‍ത്ത പാനീയങ്ങള്‍ എന്നിവ കുറയ്ക്കുക. പുറത്തു വന്ന കല്ല് സൂക്ഷിച്ച് ലാബില്‍ പരിശോധിപ്പിച്ചാല്‍ തരം അറിഞ്ഞ് ഭക്ഷണം ക്രമീകരിക്കാം. 'നിയന്ത്രിക്കാം' എന്നാല്‍ അളവ് കുറയ്ക്കുക എന്നാണ്, പൂര്‍ണമായി ഒഴിവാക്കണമെന്നില്ല.
Dr. Sudin S R
Senior Consultant Urologist
SUT Hospital, Pattom
Photo Courtesy - Google










